03:55am 11 November 2026
NEWS
നിമിഷപ്രിയക്ക് വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷയും നൽകരുതെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ
16/07/2025  11:01 AM IST
nila
 നിമിഷപ്രിയക്ക് വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷയും നൽകരുതെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് വീണ്ടും ആശങ്ക. ഇന്ന് നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവെച്ചെങ്കിലും കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി വ്യക്തമാക്കി. ബിബിസി അറബിക്കിനോട് പ്രതികരിക്കവെയാണ് അബ്ദുൽ ഫത്താഹ് മെഹദി ഇക്കാര്യം വ്യക്തമാക്കിയത്. ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി പറഞ്ഞു.

‘‘ഇപ്പോൾ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണം. ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. ക്രൂരമായ കൊലപാതകം മാത്രമല്ല, ഈ കേസ് ഇത്രയും നീണ്ടുപോയതു വിഷമമുണ്ടാക്കി. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കുകയാണ്. കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണ്. എന്തൊക്കെ കാരണത്തിന്റെ പേരിലായാലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ല. കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യുകയും ചെയ്തു.’’– തലാലിന്റെ സഹോദരൻ പറഞ്ഞു. 

നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സഹോദരന്റെ പ്രതികരണം പുറത്തുവന്നത്. സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ഇടപെടലിനു പിന്നാലെ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്റെ കുടുംബം തയാറായെന്ന് സൂചനയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന വധശിക്ഷ നീട്ടിവച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img